ഇടുക്കി: ജില്ലയിലെ പട്ടയപ്രശ്നവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനും പട്ടയ വിതരണം വേഗത്തിലാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, റവന്യു, ജലസേചന മന്ത്രിമാര്‍, അഡ്വക്കേറ്റ് ജനറല്‍, ലാന്‍ഡ് റവന്യു കമ്മീഷണര്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്.
കല്ലാര്‍കുട്ടി പ്രദേശത്തെ കൈവശക്കാരുടെ പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ ഏഴു ചെയിന്‍ വരെയുള്ള പ്രദേശങ്ങളില്‍ പട്ടയം നല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. നിലവില്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി.
ചെങ്കുളം ഡാം പ്രദേശത്ത് ജണ്ടയ്ക്ക് പുറത്തുവരുന്ന വസ്തുവിലെ കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കുന്നതില്‍ തടസമില്ലെന്ന് കെഎസ്ഇബി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡാമിലേക്കുള്ള നീരൊഴുക്കിനെ തടസപ്പെടുത്താത്ത സ്ഥലങ്ങളില്‍ പട്ടയം അനുവദിക്കാനും അപേക്ഷകള്‍ സ്വീകരിക്കാനും കളക്ടര്‍ക്ക് നിര്‍ദേശം നല്കി.
പൊന്മുടിയില് പത്തു ചെയിനിനു പുറത്തുള്ള കൈവശഭൂമികളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പട്ടയം നല്‍കും.
ലാന്‍ഡ് രജിസ്റ്ററില്‍ ഏലം എന്ന് രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ക്ക് പട്ടയം നല്കുന്ന നടപടികളും വേഗത്തിലാക്കി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച 28,588 ഹെക്ടര്‍ സ്ഥലത്ത് പട്ടയം നല്‍കും. ഇനിയും അപേക്ഷിക്കാത്ത കൈവശക്കാര്‍ക്ക് മാര്‍ച്ച് 23 വരെ സമയം അനുവദിച്ചിട്ടുണ്ട്.
കട്ടപ്പനയിലെ ഷോപ്പ് സൈറ്റുകളില്‍ കെട്ടിടങ്ങളുടെ വലിപ്പം പരിഗണിക്കാതെ പട്ടയം നല്‍കാനും ഉത്തരവായിട്ടുണ്ട്. കാഞ്ചിയാര്‍ വില്ലേജില്‍ ബിടിആര്‍ പ്രകാരം സര്‍ക്കാര്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയതും ജണ്ടയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഭൂമിയിലെ കൈവശക്കാര്‍ക്കും പട്ടയം നല്‍കും.
കോഴിമല ഭാഗത്ത് ബിടിആറില്‍ പാറ എന്ന് തെറ്റായി രേഖപ്പെടുത്തിയവര്‍ക്കും പ്രത്യേക ചട്ടപ്രകാരം പട്ടയം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.